(സൂറ അല്‍ ബഖറ : ആയത്ത് 153 മുതല്‍ 157 വരെ)വിശ്വാസികളേ നിങ്ങള്‍ സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും
സഹായം തേടുവിന്‍. ക്ഷമിക്കുന്നവരോടൊപ്പമല്ലോ അല്ലാഹു.
ദൈവികമാര്‍ഗ്ഗത്തില്‍ വധിക്കപ്പെടുന്നവരെ 'മരിച്ചവര്‍ ' എന്നു പറയാതിരിക്കുക.
അല്ല, അവര്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാകുന്നു. പക്ഷെ അവരുടെ ജീവിതം
നിങ്ങള്‍ക്കൊന്നും അനുഭവപ്പെടുന്നില്ലെന്ന് മാത്രം. ഭയാശങ്കകള്‍, ക്ഷാമം,
ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും
പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും
ഏതാപത്ത് ബാധിക്കുമ്പോഴും ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ,
അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും എന്നു പറയുകയും
ചെയ്യുന്നവരെ സുവാര്‍ത്ത അറിയിക്കുകയും ചെയ്യുക. അവര്‍ക്ക് തങ്ങളുടെ
റബ്ബിങ്കല്‍ നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും .അവര്‍ക്ക് തണലേകുകയും
ചെയ്യും .ഇത്തരം ആളുകള്‍ തന്നെയാകുന്നു സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ .
വിശദീകരണം
അല്ലാഹു മുസ്ലിം സമുദായത്തെ നേതൃത്വ പദവിയില്‍ അവരോധിച്ച
ശേഷം ഈ സമുദായത്തിനു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ്.
നേതൃത്വമെന്നാല്‍ നിങ്ങള്‍ക്ക് കിടന്നുറങ്ങാനുള്ള പൂമെത്തയല്ല. ഗുരുതരവും
അതിപ്രധാനവുമായ ഒരു സേവനമാണ് നിങ്ങള്‍ക്ക് നിറവേറ്റാനുള്ളത്.
ആ ഭാരിച്ച ബാധ്യത ഏറ്റെടുക്കുന്നതോടെ നാനാതരം ആപത്തുകള്‍
നിങ്ങളുടെ മേല്‍ വര്‍ഷിച്ച് തുടങ്ങും. കഠിനകഠോരമായ പരീക്ഷണങ്ങള്‍ക്ക്
നിങ്ങള്‍ വിധേയരാകും .പല തരം കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരും.
ക്ഷമയോടും ദൃഢചിത്തതയോടും കൂടി അത്തരം പ്രതിസന്ധികള്‍ തരണം
ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മുന്നേറിയാല്‍ മാത്രമേ അവന്റെ
അനുഗ്രഹകടാക്ഷം നിങ്ങളുടെ മേല്‍ വര്‍ഷിക്കുകയുള്ളൂ.
ഈ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ ആവശ്യമായ കഴിവ് രണ്ട് സംഗതികള്‍
മുഖേന നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഒന്ന് ക്ഷമയും സഹനവുമാകുന്ന ഉത്കൃഷ്ട് ഗുണം
നിങ്ങളില്‍ വളര്‍ത്തുക. നമസ്കാരം വഴി ആത്മാവിനെ സുശക്ത്മാക്കുക. 'സ്വബര്‍
അഥവാ ക്ഷമ എന്നാല്‍ അതിപ്രധാനങ്ങളായ നിരവധി ധാര്‍മ്മിക
ഗുണങ്ങളായവക്കെല്ലാമൂള്ള സമഗ്രമായൊരു ശീര്‍ഷകമാണെന്നും അതാണു
യഥാര്‍ത്തത്തില്‍ വിജയത്തിന്റെ താക്കോലെന്നും അതിന്റെ അഭാവത്തില്‍
ആര്‍ക്കും വിജയം വരിക്കുക സാധ്യമല്ല എന്നും മനസ്സിലാക്കേണ്ടതാണ്.
മരണമെന്ന വാക്കും മരണത്തെക്കുറിച്ചുള്ള വിഭാവനയും മനുഷ്യമനസ്സില്‍
ഒരുതരം ധൈര്യക്ഷയം ഉളവാക്കുന്നവയാണ്. അതിനാല്‍ അല്ലാഹുവിന്റെ
മാര്ഗ്ഗത്തില്‍ രക്ത്സാക്ഷികളായവരെപ്പറ്റി 'മരിച്ചവര്‍ ' എന്നു പറയുന്നത്
നിരോധിച്ചിരിക്കുന്നു. കാരണം സമുദായാംഗങ്ങളില്‍ സമരവികാരവും ആത്മാര്പ്പണ
ബോധവും തണുത്തുപോകാന്‍ അത് വഴിവെച്ചേക്കുന്നതുമാണ്. അല്ലാഹുവിന്റെ മാര്ഗ്ഗത്തില്‍
ജീവന്‍ ബലികഴിക്കുന്നവനു സുഖാനന്ദകരമായ ശാശ്വത ജീവിതാമാണു യഥാര്ത്തത്തില്‍
ലഭിക്കുന്നതെന്ന വിഭാവനം സത്യവിശ്വാസികള്‍ അവരുടെ ഹൃദയത്തില്‍ ഉറപ്പിക്കണമെന്ന്
നിര്ദേശിക്കുകയും ചെയ്തിരിക്കുന്നു. ഈ വിഭാവനം യാഥര്ഥ്യത്തോട് യോജിച്ചതാണെന്നതിനു പുറമെ ധൈര്യസ്തൈര്യവും ഉശിരും ആവേശവും സജീവമായി നിലനിര്ത്താന്‍ സഹായകവുമാണ്.
'ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ , അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും ' എന്ന് പറയുകയും ചെയ്യുന്നവര്ക്ക് സുവാര്ത്ത അറിയിച്ച് കൊള്ളുക, എന്നത് കൊണ്ടുള്ള വിവക്ഷ ഞങ്ങള്‍ അല്ലാഹുവിന്റേത് മാത്രമാണെന്ന യാഥാര്ത്ഥ്യം മനസ്സാ സമ്മതിച്ചു എന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ മാര്ഗ്ഗത്തില്‍ എന്തു തന്നെ ബലികഴിച്ചാലും അത് യഥാസ്ഥാനത്ത് അര്പ്പിച്ചുവെന്നേ കരുതേണ്ടതുള്ളൂ. ഉടമസ്ഥന്‍ പറഞ്ഞപോലെ വിനിയൊഗിച്ചു എന്നര്ഥം .ഞങ്ങള്‍ അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണു എന്നത്കൊണ്ടുദ്ദേശ്യം ഇതാണ്. ഈ ജീവിതം ശാശ്വതമല്ല. അവസാനം അല്ലാഹുവിന്റെ അടുക്കല്‍ എത്തേണ്ടതുണ്ട് എന്നിരിക്കെ
എന്തുകൊണ്ട് അവന്റെ മാര്ഗ്ഗത്തില്‍ ജീവാര്പ്പണം ചെയ്ത് നമുക്കവന്റെ സന്നിധിയില്‍ ഹാജരായിക്കൂടാ? സ്വദേഹ പരിരക്ഷണത്തില്‍ മുഴുകിയിരിക്കെ രോഗമോ അത്യാഹിതമോ കാരണമായി മരണമടയുന്നതിലും ആയിരം മടങ്ങ് ഉത്തമം ഇതാണല്ലോ.

No comments:
Post a Comment